Image

ഭാവിയുടെ പ്രതീക്ഷ മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികൾ ; കുട്ടികളെ ജാതിയോ മതമോ ചേര്‍ക്കാതെ പഠിപ്പിക്കുന്ന ഓരോരുത്തരേയും അഭിനന്ദിക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍

Published on 09 July, 2025
ഭാവിയുടെ പ്രതീക്ഷ മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികൾ ; കുട്ടികളെ ജാതിയോ മതമോ ചേര്‍ക്കാതെ പഠിപ്പിക്കുന്ന ഓരോരുത്തരേയും അഭിനന്ദിക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍

കൊച്ചി: മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികളിലാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതത്തിന്റെ സ്വാധീനത്തിന് പുറത്ത് കുട്ടികളെ വളര്‍ത്താന്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളെ ജസ്റ്റിസ് അരുണ്‍ പ്രശംസിച്ചു. ഭാവിയില്‍ നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യുന്നവരായിരിക്കും ഇത്തരം കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.

ജാതിയോ മതമോ ചേര്‍ക്കാതെ പഠിപ്പിക്കുന്ന ഓരോരുത്തരേയും അഭിനന്ദിക്കുന്നു. ഈ കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കിടയിലും നാളെ ഭയമില്ലാതെ ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ യുക്തിവാദി പവനനെ അനുസ്മരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വി ജി അരുണ്‍. യുക്തിവാദികള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ അരോചകമായ ഭാഷയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ യോദ്ധാക്കള്‍ കഴുകന്‍മാരെപ്പോലെയാണ് യുക്തിവാദികള്‍ക്ക് നേരെ ചാടി വീഴുന്നത്. സോഷ്യല്‍ മീഡിയ കമന്റുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് തന്റെ മുമ്പില്‍ വരുന്നതിലധികവും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മലയാള ഭാഷയെ മലിനമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക