Image

'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേര് മാറ്റുന്നതിൽ സെൻസർ ബോർഡ് നിലപാട് മയപ്പെടുത്തി: വ്യവസ്ഥകളോടെ അനുമതി

രഞ്ജിനി രാമചന്ദ്രൻ Published on 09 July, 2025
'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേര് മാറ്റുന്നതിൽ സെൻസർ ബോർഡ് നിലപാട് മയപ്പെടുത്തി: വ്യവസ്ഥകളോടെ അനുമതി

 "ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള" എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യത്തിൽ സെൻസർ ബോർഡ് നിലപാട് മയപ്പെടുത്തി. സിനിമയുടെ പേര് "ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള" എന്നോ, "വി ജാനകി" എന്നോ, "ജാനകി വി" എന്നോ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി പേരിനൊപ്പം ചേർക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ "ജാനകി" എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ഈ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡ് നേരത്തെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകൻ ജാനകി എന്ന കഥാപാത്രത്തോട് മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നത് ഈ മതവിഭാഗത്തിൽപ്പെട്ടവരെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി.

മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. രാജ്യത്തുടനീളം "ജാനകി" എന്ന പേര് ഉപയോഗിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. ജാനകി എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തിൽപ്പെട്ടയാൾ സഹായിക്കാൻ എത്തുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് സെൻസർ ബോർഡ് ആരോപിച്ചു. രാമായണത്തിലെ സീത സഹനത്തിന്റെ പര്യായമാണെന്നും, "ജാനകി" എന്ന് ഉപയോഗിക്കുന്നതിലൂടെ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സെൻസർ ബോർഡ് കൂട്ടിച്ചേർത്തു.

 

 

English summary:

Censor Board relaxes its stance on changing the title of the film 'Janaki Vs State of Kerala'; permission granted with conditions.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക