Image

അഴുകി ദുർഗന്ധം വമിച്ച നിലയിൽ മൃതദേഹം, പഴക്കം രണ്ടാഴ്ചയിലേറെ ; നടി ഹുമൈറ അസ്​ഗർ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ

Published on 09 July, 2025
അഴുകി ദുർഗന്ധം വമിച്ച നിലയിൽ മൃതദേഹം, പഴക്കം രണ്ടാഴ്ചയിലേറെ ; നടി ഹുമൈറ അസ്​ഗർ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ

കറാച്ചി: പാകിസ്ഥാനി നടി ഹുമൈറ അസ്​ഗറിനെ (35) കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഈ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്.

വീട്ടിൽ നിന്ന് ദുർ​ഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. മരണകാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഡിഐജി വ്യക്തമാക്കി. മരണം നടന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായതായി പൊലീസ് കരുതുന്നു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയതോടെയാണ് അസ്ഗറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

മൃതദേഹം വളരെയധികം അഴുകിയ നിലയിലാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് മേല്‍നോട്ടം നല്‍കുന്ന ഡോ സുമയ്യ സയ്യിദ് പറഞ്ഞു. കൃത്യമായ മരണകാരണം കണ്ടെത്താന്‍ ഈ സാഹചര്യത്തില്‍ പ്രയാസമാണെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണ കാരണം വ്യക്തമാകുകയുള്ളൂ. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് ഹുമൈറ. തമാശ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ഹുമൈറ ശ്രദ്ധേയയാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക