ബാസ്‌ക്കറ്റ്‌ബോൾ താരം ആൻ മേരിക്കും ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് താരം കൃഷ്ണ ജയശങ്കറിനും പിന്നാലെ അമേരിക്കൻ കായികരംഗത്ത് മറ്റൊരു മലയാളി വിദ്യാർത്ഥികൂടി പ്രതീക്ഷ നൽകുന്നു. വോളിബോളിലാണ് ഇത്തവണ മലയാളിത്തിളക്കം. ആരോൺ മോളോപ്പറമ്പിൽ ന്യൂജേഴ്സി-ന്യൂയോർക്ക് അണ്ടർ 17 ടീമിൽ ഇടം നേടി. യു.എസ്.എ. വോളിബോൾ ഓൾ സ്റ്റാർ ചാംപ്യൻഷിപ്പിൽ ജീവ (GEVA) അണ്ടർ 17 ടീമാണിത്. ഈ മാസം 24 മുതൽ 27 വരെയാണ് യു.എസ്.എ. വോളിബോൾ ഓൾസ്റ്റാർ ചാംപ്യൻഷിപ്പ് നടക്കുന്നത്. ന്യൂജേഴ്സിയും ന്യൂയോർക്കും ഉൾപ്പെടുന്ന മേഖലയിലെ വോളിബോൾ അതോറിറ്റിയാണ് ഗാർഡൻ എംപയർ വോളിബോൾ അസോസിയേഷൻ അഥവാ ജീവ.
ഹണ്ടർഡൻ സെൻട്രൽ റീജനൽ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ. നേരത്തെ ന്യൂജേഴ്സി-ന്യൂയോർക്ക് ടീമിൽ അണ്ടർ 15 വിഭാഗത്തിൽ ആരോൺ കളിച്ചിട്ടുണ്ട്. യു.എസിൽ പല ഭാഗങ്ങളിൽ ഒട്ടേറെ ടൂർണമെന്റുകൾ ജയിച്ച കോർ (CORE) വോളിബോൾ ക്ലബിൽ കഴിഞ്ഞ മൂന്ന് വർഷമായി സജീവ സാന്നിധ്യമായ ആരോൺ 'ലിബറോ'യുടെ പൊസിഷനിലാണ് കളിക്കുന്നത്. ഒർലാൻഡോയിൽ അടുത്തിടെ നടന്ന എ.എ.യു. നാഷനൽസിൽ ‘കോർ’ ക്ലബ് നാലാം സ്ഥാനം നേടിയിരുന്നു.
English summary:
Malayali student joins U.S. volleyball with high hopes.