ന്യൂഡല്‍ഹി: പരിഷ്‌കരണത്തിന്റെ പേരില്‍ ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി. ബിഹാറില്‍ നടപ്പാക്കിയ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ്. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കുള്ളില്‍ പട്ടിക പ്രസിദ്ധീകരിക്കണം എന്നും കോടതി വ്യക്തമാക്കി.
ഈ പട്ടിക പൊതു ഇടത്തിൽ ലഭ്യമാക്കണമെന്നും, നീക്കം ചെയ്യപ്പെട്ടവർക്ക് അതിന്റെ കാരണം അറിയാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ, പേര് ഒഴിവാക്കപ്പെടാനുണ്ടായ സാഹചര്യം സഹിതം റേഡിയോ, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർക്ക് മരിച്ചവരുടെയും, കുടിയേറിയവരുടെയും, താമസം മാറിയവരുടെയും പേരുകൾ നൽകിയിട്ടുണ്ട് എന്ന് ഇലക്ഷൻ കമ്മീഷൻ വാദിച്ചുവെങ്കിലും എന്തുകൊണ്ട് ആ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു കൂടാ എന്ന മറുചോദ്യം ഉന്നയിക്കുകയായിരുന്നു കോടതി. അതുവഴി ആളുകൾക്ക് 30 ദിവസത്തിനുള്ളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ കഴിയുമല്ലോ എന്നും കോടതി ചോദിച്ചു.