രാഹുൽ ഗാന്ധിക്ക് വിനായക് ദാമോദർ സവർക്കറുടെ അനുയായികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെ ഹർജി പിൻവലിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. രാഹുലിന്റെ സമ്മതമില്ലാതെയാണ് ഹർജി നൽകിയതെന്നും അത് പിൻവലിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) അമോൽ ഷിൻഡെ മുമ്പാകെ സമർപ്പിച്ച അപേക്ഷ പിൻവലിക്കാൻ വ്യാഴാഴ്ച മറ്റൊരു അപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകൻ മിലിന്ദ് പവാർ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനുമായ വി ഡി സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ ആണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.
തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിലെ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും കണക്കിലെടുക്കുമ്പോൾ, ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഹർജി തന്റെ അറിവോടെയല്ലെന്ന വിശദീകരണവുമായി രാഹുൽ എത്തിയത്.