ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിൽ പങ്കെടുത്ത ഒൻപത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർചക്ര പുരസ്‌കാരം. മുരിദ്കെയിലെയും ബഹാവൽപൂരിലെയും പാകിസ്താൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട യുദ്ധവിമാന പൈലറ്റുമാർ ഉൾപ്പെടെയുള്ള വ്യോമസേന ഉദ്യോഗസ്ഥർക്കാണ് വീർചക്ര പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
79-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായാണ് ബഹുമതികള്‍ പ്രഖ്യാപിച്ചത്. നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് ഓപറേഷൻ സിന്ദൂറിലെ സേവനത്തിന് സർവോത്തം യുദ്ധ സേവാ മെഡലും ലഭിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും പ്രഖ്യാപിച്ചു.
1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.