Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

രഞ്ജിനി രാമചന്ദ്രൻ Published on 14 August, 2025
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതിനിടെ, കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂർ ഇരിണാവ് സ്വദേശി പി. സച്ചിൻ (31) ആണ് ദുരന്തത്തിൽ ജീവൻ നഷ്ടമായ മലയാളി. പൊതുപ്രവർത്തന രംഗത്തും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചു.

കഴിഞ്ഞ ഞായറാഴ്ച മുതൽ മെഥനോൾ കലർന്ന മദ്യം കഴിച്ച് കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ 63 പേർക്കാണ് വിഷബാധയേറ്റത്. ഇതിൽ 13 പേർ മരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ആറുപേർ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. കൂടാതെ, വിഷമദ്യം കഴിച്ച 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തു. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

മരിച്ച ഇന്ത്യക്കാരിൽ കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. ആകെ ചികിത്സയിലുള്ള 40 ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് സൂചന. ഇതിൽ 31 പേർ വെന്റിലേറ്ററിലാണെന്നും 51 പേർക്ക് ഡയാലിസിസ് പൂർത്തിയാക്കിയെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. വിവരങ്ങൾക്കായി ഇന്ത്യൻ എംബസി +965 6550158 എന്ന ഹെൽപ്‌ലൈൻ നമ്പറും നൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ നിർമ്മാണവും വിതരണവുമായി ബന്ധമുള്ള ചില ഏഷ്യൻ പ്രവാസികളെ കുവൈത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്തെ അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഈ പരിശോധനകളുടെ ഭാഗമായി നിരവധി പേർ പിടിയിലാവുകയും മദ്യ നിർമ്മാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. മദ്യനിരോധനമുള്ള രാജ്യമായ കുവൈത്തിൽ അനധികൃത മദ്യനിർമ്മാണത്തിനെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

 

 

English summary:

Kuwait toxic liquor tragedy; among the dead is a Malayali — the victim was a native of Kannur.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക