ജിദ്ദ: അവശ്യ ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് മാനുഷിക സേവനങ്ങള്‍ നല്‍കുന്ന പ്രവാസി തമിഴ് കൂട്ടായ്മയായ ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം (ഐഡബ്ല്യുഎഫ്), അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഐഡബ്ല്യുഎഫ് മെഡിക്കല്‍ വിങ്ങ് സെക്രട്ടറി അഹമ്മദ് പാഷയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ രോഗ നിര്‍ണ്ണയം,
ഹൃദയം, ശ്രവണശേഷി, കാഴ്ച്ച ശക്തി എന്നീ പരിശോധനകള്‍ക്കായി മികച്ച ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമിനെയാണ് അബീര്‍ ഗ്രൂപ്പ് ക്യാമ്പില്‍ സജ്ജമാക്കിയത്.
കേള്‍വി പരിശോധനയ്ക്ക് വിധേയരായ നല്ലൊരു ശതമാനം പേര്‍ക്കും കേള്‍വിക്കുറവുണ്ടെന്ന് കണ്ടെത്തി. അവരില്‍ നല്ലൊരു ശതമാനം പേരും ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത് കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ക്യാമ്പുമായി സഹകരിച്ച അബീര്‍ ഡോക്ടര്‍മാര്‍ക്കും നഴ്സിംഗ് സ്റ്റാഫിനും ഐഡബ്ല്യുഎഫ് ആദരവു നല്‍കി.
ക്യാമ്പിന്റെ ഭാഗമായ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. നിയാസ് സിറാജ് പൊതുജനാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു . പ്രതിരോധ മരുന്നുകളുടെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്യാമ്പ് വിജയകരമാക്കുന്നതില്‍ നിര്‍ലോഭമായ പിന്തുണ നല്‍കിയ അബീര്‍ ഹോസ്പിറ്റല്‍ നേതൃത്വത്തേടുള്ള കടപ്പാടും നന്ദിയും ഐഡബ്ല്യുഎഫ് അറിയിച്ചു.
ജിദ്ദ തമിഴ് സംഗമം സീനിയര്‍ നേതാവ് എഞ്ചി. കാജാ മൊഹിദീന്‍, സാഹിര്‍ ഹുസൈന്‍, മെപ്കോ ഗുലാം, ദാദാ ഭായ് അബൂബക്കര്‍ എന്നിവര്‍ മികച്ച മാനുഷിക ക്ഷേമത്തിനും മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടനത്തിനും ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറത്തിന് ആശംസകള്‍ നേര്‍ന്നു.
ഐഡബ്ല്യുഎഫ് ജിദ്ദ സോണ്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഇസ്മായില്‍, എഞ്ചി. പനങ്ങാട്ടൂര്‍ അബ്ദുല്‍ ഹലീം, കാരക്കല്‍ അബ്ദുള്‍ മജീദ്, പരമക്കുടി സെല്‍വക്കനി, എഞ്ചി. നീദൂര്‍ റിസ്വാന്‍, അഹമ്മദ് ബഷീര്‍, നെല്ലിക്കുപ്പം അഷ്റഫ്, മന്‍സൂര്‍, മന്‍സൂര്‍ അലി, ആദം, മുഹമ്മദ് ഇര്‍ഫാന്‍, ബാജുല്ല എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.