Image

അഭിപ്രായഭിന്നതയ്ക്കും വിവാദങ്ങള്‍ക്കുമിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ഇന്ന് സ്ഥാനമേല്‍ക്കും

Published on 29 August, 2025
അഭിപ്രായഭിന്നതയ്ക്കും വിവാദങ്ങള്‍ക്കുമിടെ സുപ്രീംകോടതി  ജഡ്ജിമാരായി ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ഇന്ന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ സുപ്രീംകോടതി  ജഡ്ജിമാരായി നിയമിക്കപ്പെട്ട ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ഇന്ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് അലോക് ആരാധെയെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ തര്‍ക്കത്തിനിടെയാണ് നിയമനം നടത്താന്‍ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അലോക് ആരാധെ. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുല്‍ എം പഞ്ചോളി.

നിയമന പ്രക്രിയയിൽ കൊളീജിയത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ജസ്റ്റിസ് ബി വി നാഗരത്‌നയാണ് കൊളിജിയത്തിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് അറിയിച്ചത്. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

ഓൾ ഇന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ പിന്നിലാണെന്നതും ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയാകും ജസ്റ്റിസ് പഞ്ചോളിയെന്ന കാര്യവും ജസ്റ്റിസ് നാ​ഗരത്ന വ്യക്തമാക്കി. സുപ്രീംകോടതിയിൽ വനിതാ ജഡ്ജിമാരുടെ കുറവും ജസ്റ്റിസ് നാ​ഗരത്ന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കൊളീജിയത്തിലെ നാലു ജഡ്ജിമാർ ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതോടെ, 4-1 എന്ന നിലയിൽ കൊളീജിയത്തിൽ തീരുമാനം അംഗീകരിക്കപ്പെട്ടു. ഈ ശുപാർശയാണ് അതിവേഗം കേന്ദ്രം അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക