ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ ചമോലി, രുദ്രപ്രയാഗ് ജില്ലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ദമ്പതിമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കാണാതായെന്നും വീടുകള്‍ തകര്‍ന്നെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരവധി വളര്‍ത്തുമൃഗങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. ചമോലി ജില്ലയിലെ ദേവല്‍ പ്രദേശത്താണ് മേഘവിസ്‌ഫോടനം ഏറ്റവും ദുരിതം വിതച്ചത്.
മണ്ണിനടയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദമ്പതിമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കാണാതായെന്നും ഏകദേശം 20-ഓളം കന്നുകാലികള്‍ ചെളിയിലും പാറകളിലും കുടുങ്ങിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ വീടുകളും കാലിത്തൊഴുത്തുകളും പൂര്‍ണ്ണമായും മണ്ണിനടിയിലായെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
രുദ്രപ്രയാഗ് ജില്ലയിലെ ബസുകേദാറിലും മേഘവിസ്‌ഫോടനം കാരണം നിരവധി ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായി. ജൗല-ബഡേത്ത് ഗ്രാമത്തിലും ഇതേ സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇവിടെയും നിരവധി പേരെ കാണാതായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചമോലി ജില്ലയില്‍ അവധി പ്രഖ്യാപിച്ചു.
രുദ്രപ്രയാഗിലും ചമോലി ജില്ലയിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണ്ണിടിഞ്ഞ് ചില കുടുംബങ്ങള്‍ കുടുങ്ങിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി എക്സില്‍ കുറിച്ചു. യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനുണ്ടായ ഖീര്‍ ഗംഗാ നദിയിലെ മിന്നല്‍ പ്രളയം വന്‍നാശനഷ്ടം വിതച്ചിരുന്നു. ധരാലി ഗ്രാമത്തിന്റെ ഭൂരിഭാഗവും ഒലിച്ചുപോയി. നിരവധി ഹോട്ടലുകളും ഹോംസ്റ്റേകളുമുള്ള ധരാലി ഗംഗോത്രിയിലേക്കുള്ള പ്രധാന ഇടത്താവളമായിരുന്നു. മിന്നല്‍ പ്രളയത്തില്‍ ഒന്‍പത് സൈനികര്‍ ഉള്‍പ്പടെ 69 പേരെ കാണാതായിരുന്നു.