തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)'കനൽ' എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ വരുന്നത്.
പാർട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിൻ്റെ ചുമതലക്കാരനായി രണ്ട് മാസം മുൻപ് ആർ രാജഗോപാൽ ചുമതലയേറ്റിരുന്നു. പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചാരണത്തിന് വേണ്ടിയാണ് ചാനൽ. മുഖ്യധാരാ മാധ്യമങ്ങളിൽ പാർട്ടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പാർട്ടി സംസ്ഥാന സമ്മേളനത്തോടെ പുതിയ ചാനൽ പ്രവർത്തനം ആരംഭിക്കും.
പുതിയ തലമുറയെ കൂടി ആകർഷിക്കുന്ന രീതിയിൽ പുതിയ കാലത്തിൻ്റെ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന തീരുമാനത്തിലാണ് ചാനൽ തുടങ്ങുന്നത്. മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും നേതാക്കൾക്കും ഒരു സ്പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്. പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് ചാനൽ.