Image

വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുത്: കർദിനാൾ കൂവക്കാട്

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി Published on 29 August, 2025
വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുത്: കർദിനാൾ കൂവക്കാട്

ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ,  "സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ, അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടി സംഘടിപ്പിച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുടെ കാര്യാലയവും,  മുസ്ലീം വേൾഡ് ലീഗും സഹകരിച്ചുകൊണ്ട്, ക്വാലാലംപൂരിൽ വച്ചാണ് യോഗം നടന്നത്. കത്തോലിക്കാ സഭയുടെ പ്രതിനിധിയായി, വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്  കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് സംബന്ധിക്കുകയും, സന്ദേശം നല്കുകയും ചെയ്തു. സന്ദേശത്തിൽ, മതനേതാക്കൾ, കൂട്ടായ്മയുടെ പാലം പണിയാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നു കർദിനാൾ അടിവരയിട്ടു പറഞ്ഞു. ലോകത്തിന്റെ നിലവിലെ സാഹചര്യത്തിൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും, അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയർത്തുവാനും, സംഘർഷങ്ങൾക്ക് കാരണമാകുന്ന മൂലകാരണങ്ങളെ ധൈര്യത്തോടെ അഭിസംബോധന ചെയ്യുന്നതിനും, പൊതു ഭവനത്തിന്റെ സംരക്ഷണത്തിനായി ഉറച്ചുനിൽക്കുന്നതിനും മതനേതാക്കൾക്കുള്ള കടമകളെ കർദിനാൾ ചൂണ്ടിക്കാണിച്ചു.

മതമാണ് പലപ്പോഴും സംഘട്ടനങ്ങളുടെ മൂലകാരണം എന്ന് ആരോപിക്കപ്പെടുന്നുവെങ്കിലും, അത് യാഥാർഥ്യമല്ല എന്നും, മറിച്ച് അക്രമത്തിന്റെ വേരുകൾ സാധാരണയായി ദാരിദ്ര്യം, അസമത്വം, രാഷ്ട്രീയ കൃത്രിമത്വം, ഉപേക്ഷിക്കൽ, അനീതിയുടെ ആഴത്തിലുള്ള മുറിവുകൾ എന്നിവയിലാണ് സ്ഥിതിചെയ്യുന്നതെന്നു കർദിനാൾ ഓർമ്മപ്പെടുത്തി. വിഭജനത്തിന് ആക്കം കൂട്ടുന്നതിനോ ആക്രമണത്തെ ന്യായീകരിക്കുന്നതിനോ ഉള്ള സൗകര്യപ്രദമായ ഉപകരണമായി മതത്തെ ചിലർ പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ടെന്നും, കർദിനാൾ എടുത്തു പറഞ്ഞു.

എന്നാൽ ചില മതനേതാക്കന്മാർ പ്രത്യക്ഷമായോ പരോക്ഷമായോ സംഘർഷങ്ങൾ ആളിക്കത്തിക്കുകയോ ജ്വലിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന കാര്യം നിഷേധിക്കുവാൻ സാധിക്കുകയില്ലെന്നതും കർദിനാൾ സൂചിപ്പിച്ചു. മതതീവ്രവാദം, വംശീയ-മത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കർക്കശമായ മൗലികവാദം തുടങ്ങിയ പ്രതിഭാസങ്ങളിൽ ഇത് പ്രകടമാണെന്നും കർദിനാൾ പറഞ്ഞു. മതങ്ങളുടെ തത്വസംഹിതകളും, പാരമ്പര്യങ്ങളും, ചരിത്രങ്ങളും തിരുത്തിയെഴുതുവാനും ഇക്കൂട്ടർ മടിക്കുന്നില്ലെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

എന്നാൽ വിശ്വാസം, യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നും, പകരം അത് മാനവകുലത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്നുള്ള സൗഖ്യം നൽകുന്ന ഔഷധമാകണെന്നും കർദിനാൾ ആഹ്വാനം ചെയ്തു.

"മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടലിലേക്ക് നയിക്കുന്ന ഭയത്തിന്റെ യുക്തിക്ക് വഴങ്ങരുതെന്നുള്ള" ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും കർദിനാൾ ഉദ്ധരിച്ചു. മതനേതാക്കന്മാരെന്ന നിലയിൽ  മതിലുകളേക്കാൾ  പാലങ്ങൾ പണിയാനുള്ള നമ്മുടെ ഉത്തരവാദിത്തത്തെ, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ കർദിനാൾ അനുസ്മരിച്ചു. സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാവി സൃഷ്ടിക്കുന്നതിനായി,  ഭയത്തിന്റെയും അജ്ഞതയുടെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കുവാനുള്ള ധൈര്യം ഏവരും സംഭരിക്കണമെന്നും കർദിനാൾ കൂവക്കാട് പറഞ്ഞു.

മാനവകുലത്തെ, പ്രത്യേകിച്ചും കുട്ടികൾ, സ്ത്രീകൾ, ദരിദ്രർ, എന്നിവരിൽ സംഘട്ടനങ്ങൾ ആഴത്തിലുള്ള മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നിരിക്കെ, ഈ നിലവിളികൾ നമ്മെ സുഖമായി വിശ്രമിക്കാനോ സമാധാനത്തോടെ ഉറങ്ങാനോ അനുവദിക്കരുതെന്നും, മതനേതാക്കന്മാർ എന്ന നിലയിൽ, സംഘർഷങ്ങളിൽ അന്യായമായി കഷ്ടപ്പെടുന്നവർക്കായി ശബ്ദമുയർത്താനും നീതിയോടും ധൈര്യത്തോടും കൂടി സംസാരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു കർദിനാൾ അടിവരയിട്ടു പറഞ്ഞു.

മുറിവുകൾ ഉണക്കാൻ മതത്തിന് സവിശേഷമായ ഒരു ശക്തിയുണ്ട്. അതിന് ക്ഷമയിലൂടെ മാത്രമല്ല, നീതിയിലൂടെയും, സത്യത്തിലൂടെയും, അനുരഞ്ജനത്തിലൂടെയും ഐക്യം പുനഃസ്ഥാപിക്കുവാൻ മതങ്ങൾക്ക് കഴിയണമെന്നും കർദിനാൾ ഓർമ്മപ്പെടുത്തി. യഥാർത്ഥവും ശാശ്വതവുമായ സമാധാനം ആരംഭിക്കുന്നത് മാനവികതയുടെ ആന്തരിക മുറിവുകൾ ഉണക്കുന്നതിലൂടെയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക