തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ചാണ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തതെന്ന വാർത്തകൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഒരു കാലത്തും നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുൽ സസ്പെൻഷനിലിരിക്കുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമസഭാ കവാടത്തിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. അതേസമയം ഏതെങ്കിലും നേതാക്കൾ രാഹുൽ നിയമസഭയിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ചും രാഹുൽ പ്രതികരിച്ചില്ല.
ആരോപണത്തിൽ എനിക്ക് പറയാനുള്ളതൊക്കെ ഞാൻ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആരോപണങ്ങളിൽ മുങ്ങി നടക്കുന്നുവെന്ന വാർത്തകൾ തെറ്റാണ്. ഒരു അന്വേഷണം നടക്കുകയാണ്. അതിന്റെ സാങ്കേതികത്വത്തിലേക്ക് കടക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
'ഇടതുപക്ഷ സർക്കാരിനെതിരെ സമരം ചെയ്ത് 18-ാം വയസ്സിൽ ജയിലിൽ പോയിട്ടുണ്ട്. എനിക്കെതിരെ എന്തെങ്കിലും ഒന്ന് കിട്ടിയാൽ കൊന്ന് തിന്നാൻ നിൽക്കുന്ന സർക്കാരാണ് എനിക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത്. അവർക്ക് വിശ്വാസമുള്ള ആളുകളാണ് അന്വേഷണ സംഘത്തിലുള്ളത്. അതുകൊണ്ട് യാതൊരു ആനുകൂല്യവും കിട്ടില്ല എന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. അത് ഞാൻ പ്രതീക്ഷിക്കുന്നുമില്ല' രാഹുൽ കൂട്ടിച്ചേർത്തു.
ഇതിനിടെ രാഹുലിനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധവും ഉണ്ടായി. എംഎൽഎ ഹോസ്റ്റലിന് സമീപത്തായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റി.