Image

‘ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവ്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവെച്ച് രാഹുൽ ഈശ്വർ

Published on 15 September, 2025
‘ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവ്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവെച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രാഹുൽ ഈശ്വർ രംഗത്ത്. സസ്പെൻഷൻ നടപടികൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തിയ ചിത്രം രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. “ചവിട്ടിതാഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവ്” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പ് വകവെക്കാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിയമസഭയിലെത്തിയിരുന്നു. 

സഭയിലിരിക്കുമ്പോൾ രാഹുലിന് പ്രതിപക്ഷ നിരയിൽ നിന്ന് ഒരു കുറിപ്പ് ലഭിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും ചർച്ചയായി. കുറിപ്പ് ലഭിച്ചതിന് ശേഷം രാഹുൽ മറുപടി എഴുതി ജീവനക്കാരന് നൽകി സഭ വിട്ടിറങ്ങി. പിന്നാലെ, പുറത്തിറങ്ങിയ രാഹുലിന്റെ വാഹനം എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിന് കാരണമായി.

നിയമസഭാ കവാടത്തിന് മുന്നിൽവെച്ച് മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരെയുള്ള ലൈംഗികാരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.”നിങ്ങളുടെ ശബ്ദമാണോ ഇത്? അല്ലെങ്കിൽ അല്ലെന്ന് പറയൂ, എന്തിനാണ് ഒളിച്ചോടുന്നത്?” എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും രാഹുൽ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക