ആർ എസ് എസ് പ്രസിദ്ധീകരണമായ കേസരിയിൽ ക്രൈസ്തവ വിരുദ്ധ ലേഖനം വന്നതിവ് പിന്നാലെ രൂക്ഷ വിമർശനവുമായി ദീപിക. ക്രിസ്ത്യൻ മിഷണറിമാരുടെ നേതൃത്വത്തിൽ ക്രൈസ്തവ രാജ്യം സൃഷ്ടിക്കാനാണ് ശ്രമമെന്ന് കേസരിയിലെ ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു. ‘ആഗോള മതപരിവർത്തനത്തിന്‍റെ നാൾവഴികൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിനെതിരെയാണ് ദീപിക മുഖപ്രസംഗത്തിലൂടെ ആഞ്ഞടിച്ചത്.
ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടേണ്ടെന്നും കേസരിയിലെ ലേഖനം ആർഎസ്എസിന്‍റെ തനിനിറമാണ് പുറത്തു കാണിച്ചതെന്നും ദീപിക വിമർശിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടു കൊടുത്ത വർഗീയ പ്രസ്ഥാനമാണ് ആർ എസ് എസ് എന്നും ദീപിക തുറന്നടിച്ചു.
ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിന് ശേഷവും ആർ എസ് എസ് അതേ പണി തുടരുകയാണ്. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുകയാണ് ബിജെപി. മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും, മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്‌ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാമെന്നും ദീപികയിലെ ലേഖനത്തിൽ പറയുന്നു. കേരളത്തിൽ മാത്രമാണ് ക്രൈസ്തവരെ തുല്യപൗരന്മാരായി ബിജെപി കാണുന്നത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങൾ പാസാക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ദീപികയിലുണ്ട്.
കേസരിയിൽ ഹിന്ദു ഐക്യവേദി നേതാവ് ഇ എസ് ബാബുവിൻ്റെ ലേഖനത്തിലാണ് ക്രൈസ്തവ രാജ്യം സൃഷ്ടിക്കാനാണ് ശ്രമമെന്ന് ആരോപണം ഉണ്ടായിരുന്നത്. മിസോറം, ഒഡീഷ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന സായുധ കലാപങ്ങൾക്ക് പിന്നിൽ ക്രിസ്ത്യൻ മിഷണറിമാരാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഇതിനെതിരെയാണ് കൃത്യവും വ്യക്തവുമായ രീതിയിൽ ദീപിക തിരിച്ചടിച്ചത്. ഇത്രയും രൂക്ഷമായ വിമർശനം ഇതാദ്യമാണ്.