ഗുജറാത്തിലെ ജാംനഗറിലുള്ള മൃഗശാലാ രക്ഷാ പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻ ചിറ്റ് നൽകി. എസ്ഐടി റിപ്പോർട്ട് പരിശോധിച്ച സുപ്രീം കോടതി ബെഞ്ച്, വൻതാര നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും അതിനാൽ അതിനെ അപകീർത്തിപ്പെടുത്തരുതെന്നും ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കൂടാതെ, വൻതാരയിലെ നിയമ പാലനത്തിലും നിയന്ത്രണ നടപടികളിലും അധികാരികൾ സംതൃപ്തി രേഖപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വെള്ളിയാഴ്ച സമർപ്പിച്ച റിപ്പോർട്ട് തിങ്കളാഴ്ചയാണ് കോടതി പരിശോധിച്ചത്. റിപ്പോർട്ട് പരിശോധിച്ച ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
നിയമ ലംഘനങ്ങൾ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ ഏറ്റെടുക്കൽ തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വൻതാരക്കെതിരെ വസ്തുതാപരമായ അന്വേഷണം നടത്താൻ ഓഗസ്റ്റ് 25ന് സുപ്രീം കോടതി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
മാധ്യമങ്ങൾ, സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ, എൻജിഒകളിൽ നിന്നും വന്യജീവി സംഘടനകളിൽ നിന്നും ലഭിച്ച പരാതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ വൻതാരക്കെതിരെ ക്രമക്കേടുകൾ ആരോപിച്ച് സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി മുൻ ജഡ്ജി അധ്യക്ഷനായ നാലംഗ സംഘത്തെ കോടതി രൂപീകരിച്ചത്.