തിരുവനന്തപുരം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രഫഷനല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി. മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കി.
വായ്പ്പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ട്രൂപ്പിന്റെ ഭാഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കാം.
മൂന്നു മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിറ്റിൽ കൂടാത്തതുമായ ഒരു വിഡിയോ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ മേഖലയിൽ മുൻപ് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നൽകണം.
സെപ്റ്റംബർ 25- ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. കെഎസ്ആർടിസിയുടെ ആസ്ഥാനത്ത് പ്രത്യേകം രൂപീകരിച്ച കമ്മിറ്റിയാകും അപേക്ഷകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്തുക. പുതിയ ട്രൂപ്പ് രൂപീകരിക്കുന്നതിലൂടെ കോർപ്പറേഷനിലെ ജീവനക്കാരുടെ ഇടയിൽ ഒരു കലാപരമായ അന്തരീക്ഷം വളർത്താനും സാധിക്കും എന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.