പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാൾ ലൈഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നു പൊലീസ് പറയുന്നു.
കോയിപ്രം സ്റ്റേഷനിലാണ് ജയേഷിനെതിരെ പോക്സോ കേസുള്ളത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങൾ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവിൽ പോക്സോ കേസിന്റെ വിചാരണ നടക്കുന്നുണ്ട്. അതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മർദ്ദിച്ച കേസിൽ അറസ്റ്റിലായത്. ഇയാളുടെ പൂർവകാല ചരിത്രം പരിശോധിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്കു അയയ്ക്കും.
ഹണിട്രാപ് കേസിൽ രശ്മിയുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. റാന്നി സ്വദേശിയെ ഡംബൽ ഉപയോഗിച്ചു മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെന്നാണു പൊലീസിന്റെ വിലയിരുത്തൽ. പ്രതികൾ മൂന്ന് പേരെ കൂടി സമാനമായ രീതിയിൽ മർദ്ദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം.
അതേസമയം ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. മർദ്ദനമേറ്റ ആലപ്പുഴ സ്വദേശിയെ കുറ്റകൃത്യം നടന്ന വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇയാളുടെ മൊഴിയും ശേഖരിച്ചതായാണ് വിവരം.