തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കി. രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കുന്നതിലും സതീശന് അതൃപ്തിയിലാണ്. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിഡി സതീശന് ഇക്കാര്യത്തില്‍ ഒരക്ഷരം പോലും പറഞ്ഞില്ല. അതേസമയം, രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോഴും വ്യക്തതയില്ലെന്ന് കെപിസിസി-ഡിസിസി ഭാരവാഹികളുടെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികളെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. രാഹുലിന്റെ നീക്കങ്ങളില്‍ പാര്‍ട്ടിയിലെ പുതിയ ശക്തികേന്ദ്രങ്ങളായി ഉയര്‍ന്നുവരുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഉപദേശകനായി അറിയപ്പെടുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
രാഹുല്‍ നിയമസഭയിലെത്തിയ വിഷയം കെ മുരളീധരന്, കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം എന്നിവരാണ് യോഗത്തില്‍ ഉയര്‍ത്തിയതും, വിമര്‍ശനം ഉന്നയിച്ചതും. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ നിയമസഭയിലേക്ക് അനുഗമിച്ചതിനെ ബല്‍റാം ചോദ്യം ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് ബല്‍റാം ചോദിച്ചു. രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് കടകവിരുദ്ധമായ സമീപനം കൈക്കൊള്ളുന്ന മുതിര്‍ന്ന നേതാക്കളെയും ബല്‍റാം വിമര്‍ശിച്ചു.
സംഭവത്തില്‍ വിശദീകരണത്തിന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശ്രമിച്ചെങ്കിലും ബല്‍റാം അത് തള്ളി. സണ്ണി ജോസഫിന്റെ പ്രസ്താവനയില്‍ വ്യക്തതയില്ല. പാര്‍ട്ടി രാഹുലില്‍ നിന്ന് പരസ്യമായി അകലം പാലിക്കണമായിരുന്നു. പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ബല്‍റാം പറഞ്ഞു. തിങ്കളാഴ്ച നിയമസഭയില്‍ രാഹുല്‍ പങ്കെടുക്കേണ്ടിയിരുന്നില്ല എന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടു.
'പൊലീസ് അതിക്രമങ്ങള്‍ പോലുള്ള പ്രധാന വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയിലെ സാന്നിധ്യം തിരിച്ചടിയാകുമെന്ന് വ്യക്തമാണ്. ഇപ്പോള്‍ ശ്രദ്ധ രാഹുലിലേക്ക് മാറിയിരിക്കുന്നു. ചുരുക്കത്തില്‍, രാഹുല്‍ നിയമസഭയിലെത്തുന്നത് സിപിഎമ്മിനെ മാത്രമേ സഹായിക്കൂ. അതുകൊണ്ടാണ് വി ഡി സതീശന് സമ്മേളനത്തില്‍ സജീവമാകുന്നതില്‍ താല്‍പ്പര്യം കാണിക്കാതിരുന്നത്.' കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വിഡി സതീശന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കെ മുരളീധരന് രൂക്ഷ വിമര്‍ശനം നടത്തി. സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായി വിടി ബല്‍റാമിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. എം ലിജു, ദീപ്തി മേരി വര്‍ഗീസ്, പഴകുളം മധു, പി എം നിയാസ് എന്നിവരാണ് സമിതിയിലുള്ളത്. സൈബര്‍ ആക്രമണങ്ങളില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് എന്തെങ്കിലും പങ്കുണ്ടോ എന്നും സംഘം അന്വേഷിക്കും.
രാഹുല്‍ വിഷയത്തില്‍ വിഡി സതീശന് പാര്‍ട്ടിയില്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ രാഹുലിന്റെ നിയമസഭാ സന്ദര്‍ശനം പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 'രാഹുലിനെതിരെ നടപടി സ്വീകരിച്ചപ്പോള്‍, മുതിര്‍ന്ന നേതാക്കള്‍ ആരും എതിര്‍ത്തില്ല. ഇപ്പോള്‍ അവര്‍ക്ക് എങ്ങനെ രാഹുലിനെ പിന്തുണയ്ക്കാന്‍ കഴിയും? അത്തരം വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് സാഹചര്യത്തിന് ഒത്ത് ഉയരുന്നില്ല. കെപിസിസി പ്രസിഡന്റ് ഫലപ്രദമല്ലാതെ വരുമ്പോള്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ അധീശത്വം പുലര്‍ത്താന്‍ ശ്രമിക്കുകയാണ്. ' പേര് വെളിപ്പെടുത്താത്ത ഒരു നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് രാഹുല്‍ നിയമസഭയിലെത്തിയതെന്നും ആക്ഷേപമുണ്ട്.