ആലപ്പുഴ: കൃഷ്ണാഷ്ടമി ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ കൃഷ്ണാവതാര മുഹൂര്‍ത്തത്തില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയില്‍ കുചേല വേഷത്തില്‍ കലാമണ്ഡലം ഗോപി ആശാൻ വീണ്ടും അരങ്ങിലെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലാമണ്ഡലം ഗോപി അരങ്ങിലെത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കളി അരങ്ങില്‍ നിന്ന് മാറി നിന്ന അദ്ദേഹം, അഭിനയ രംഗത്ത് നിന്ന് വിരമിച്ചതായി മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനം തിരുത്തിയാണ് അദ്ദേഹം ഏവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രനടയിലെ അരങ്ങിലെത്തിയത്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവതാര പൂജ സമയത്ത് കുചേലവൃത്തം കഥകളിയില്‍ കൃഷ്ണ വേഷത്തില്‍ അദ്ദേഹം ഇവിടുത്തെ അരങ്ങിൽ എത്തിയിട്ടുണ്ട്.
ഏവൂരിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് അഷ്ടമിരോഹിണി ദിനത്തില്‍ അര്‍ദ്ധരാത്രിയിലെ അവതാര പൂജ സമയത്ത് കളിയരങ്ങില്‍ കൃഷ്ണവേഷം ആടിയുള്ള ആരാധന. ശാരീരിക അവശതകള്‍ കാരണം ഇക്കുറി കുചേലനായാണ് ഗോപി ആശാൻ വേഷമിട്ടത്. കലാമണ്ഡലം ഷണ്മുഖനാണ് കൃഷ്ണ വേഷത്തില്‍ അദ്ദേഹത്തിനൊപ്പം നിറഞ്ഞാടിയത്.
ഏവൂര്‍ കണമ്പള്ളില്‍ കഥകളി യോഗമാണ് കഥകളി സംഘടിപ്പിച്ചത്. 2021 അഷ്ടമിരോഹിണി ദിനത്തിലാണ് കലാമണ്ഡലം ഗോപി ഇതിനുമുമ്പ് ഏവൂരിലെത്തിയത്.