Image

പൊലീസ് കസ്റ്റഡി മര്‍ദ്ദനം: ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍; അടിയന്തര പ്രമേയത്തിന് അനുമതി, പൊലീസ് ക്രൂരത വിവരിച്ച് റോജി എം. ജോൺ

Published on 16 September, 2025
പൊലീസ് കസ്റ്റഡി മര്‍ദ്ദനം: ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍; അടിയന്തര പ്രമേയത്തിന് അനുമതി, പൊലീസ് ക്രൂരത  വിവരിച്ച് റോജി എം. ജോൺ

 

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമ്മിപ്പിച്ച് പ്രതിപക്ഷ എം.എൽ.എ റോജി എം. ജോൺ. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവായ സുജിത്തിന് നേരെയുണ്ടായ കസ്റ്റഡി മർദ്ദനം വിവരിച്ചുകൊണ്ടുള്ള അടിയന്തര പ്രമേയ ചർച്ചയിലാണ് റോജി എം. ജോൺ സംസാരിച്ചത്.

പൊലീസ് മർദ്ദനത്തെക്കുറിച്ച് മുൻപ് സംസാരിച്ച മുഖ്യമന്ത്രിയുടെ ഭരണകാലത്താണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്നായിരുന്നു റോജിയുടെ വിമർശനം. ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മർദ്ദിച്ചത്. ഇത് രാജഭരണ കാലത്തെ ഓർമ്മിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവാണെന്ന് പറഞ്ഞിട്ടും മർദ്ദിച്ചു. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചത് എന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.

പൊലീസ് കസ്റ്റഡി മർദ്ദനങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകുകയായിരുന്നു. മർദ്ദനത്തിന് ശേഷം സുജിത്തിനെ കള്ളക്കേസിൽ കുടുക്കാനും പൊലീസ് ശ്രമിച്ചുവെന്ന് റോജി എം ജോൺ പറഞ്ഞു. പൊലീസ് ഇപ്പോൾ ഒരു ഗുണ്ടാ സംഘത്തെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുജിത്തിനെ പൊലീസ് ക്ലബ്ബിലെ ‘പഞ്ചിങ് ബാഗിൽ ഇടിക്കുന്നതുപോലെ’യാണ് മർദ്ദിച്ചതെന്നും റോജി പറഞ്ഞു.

അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് ജാള്യത മറയ്ക്കാൻ മാത്രമാണെന്നും അത് ഒരു യഥാർത്ഥ നടപടിയല്ലെന്നും റോജി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക