തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരിച്ചത്. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി.
സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 19 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഈ വർഷം 66 പേർക്ക് രോഗ ബാധയുണ്ടായെന്നും 17 പേർ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് കേരളം പരിശോധിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.