Image

സി.പി.ഐയുടെ 25-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ജമാല്‍ വില്ല്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

Published on 20 September, 2025
സി.പി.ഐയുടെ 25-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ജമാല്‍ വില്ല്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

ദമ്മാം:  2025 സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ പഞ്ചാബിലെ ചണ്ഡിഗഢ് നഗരത്തില്‍ നടക്കുന്ന 25-ാമത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍, പ്രവാസലോകത്തെ പ്രതിനിധിയായി നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്ല്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നും പ്രതിനിധിയെ അയക്കാന്‍ ദമ്മാം നവയുഗം സാംസ്‌കാരിക വേദിക്കും, യൂ എ ഇ യുവകലാസാഹിതിക്കും മാത്രമാണ് അവസരം ലഭിച്ചത്.

നാലു പതിറ്റാണ്ടോളമായി സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രീകരിച്ചു സാമൂഹിക, കലാസാംസ്‌കാരിക, ജീവ കാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ജമാല്‍ വില്ല്യാപ്പള്ളി, കഴിഞ്ഞ മൂന്നു ലോകകേരളസഭകളിലും അംഗവുമാണ്. നവയുഗം പ്രസിഡന്റ് എന്ന നിലയിലും ലോകകേരളസഭ അംഗം എന്ന നിലയിലും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലുള്ള നിരന്തരമായ ഇടപെടലുകള്‍ അദ്ദേഹം നടത്താറുണ്ട്.

നവയുഗത്തിന് പുറമെ വടകര എന്‍ ആര്‍ ഐ ഫോറം, ദമ്മാം- കാലിക്കറ്റ് യൂസേഴ്‌സ് ഫോറം എന്നിവയിലും നേതൃത്വനിരയില്‍ പ്രവര്‍ത്തിയ്ക്കുന്ന അദ്ദേഹത്തിന് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു   പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിയ്ക്കാറുള്ള അദ്ദേഹം നല്ലൊരു പ്രഭാഷകന്‍ കൂടിയാണ്.

വടകര വില്യാപ്പള്ളി സ്വദേശിയായ അദ്ദേഹം, ബ്രണ്ണന്‍ കോളേജിലെ വിദ്യാഭ്യാസ കാലം മുതല്‍ക്കേ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അക്കാലത്തു നടത്തിയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തിന് അന്നത്തെ ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. ലീലാവതിയുടെ പ്രത്യേക പ്രശംസ പത്രവും, മുന്‍ മുഖ്യമന്ത്രി അച്യുതമേനോന്റെ പ്രശംസയും കിട്ടിയിട്ടുണ്ട്.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജമാല്‍ വില്യാപ്പള്ളിയ്ക്ക് ലഭിച്ച ഈ പ്രാതിനിധ്യം, സൗദിയുടെ  പ്രവാസമേഖലയില്‍ നവയുഗം സാംസ്‌ക്കാരികവേദി നടത്തുന്ന സജീവപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക