ഈ വര്‍ഷത്തെ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹറിന്റെ ഓണാഘോഷങ്ങള്‍ സല്‍മാബാദ് ഏരിയയുടെ ഓണാഘോഷത്തോടുകൂടി തുടക്കമായി. കെ. പി.എ പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി പത്ത് ഏരിയകളില്‍ ആയി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും കെ. പി. എ സല്‍മാബാദ് ഏരിയ കമ്മറ്റിയുടെ ഓണാഘോഷവും ട്യൂബിലിയില്‍ വര്‍ണ്ണ ശബളമായി സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ കെ പി എ പൊന്നോണം 2025 ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍ മുഖ്യാതിഥിയായും ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ സെയ്ദ് ഹനീഫ വിശിഷ്ടാതിഥിയായും പങ്കെടുത്തു.കേരളീയ പാരമ്പര്യവും സംസ്‌കാരവും വിദേശമണ്ണില്‍ നിലനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങളുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുവാനും ഏരിയ അംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടുവാനും ഉള്ള അവസരം ഇങ്ങനെയുള്ള ആഘോഷ പരിപാടികള്‍ സഹായിക്കുമെന്നും പങ്കെടുത്ത വിശിഷ്ടാത്ഥികള്‍ പറഞ്ഞു.
സല്‍മാബാദ് ഏരിയ പ്രസിഡന്റ് തുളസിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു.എസ്. സ്വാഗതം പറഞ്ഞു. കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, വൈസ് പ്രസിഡന്റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, ട്രഷറര്‍ മനോജ് ജമാല്‍, ഏരിയ കോര്‍ഡിനേറ്റര്‍ ലിനീഷ് പി. ആചാരി, ഏരിയ ട്രഷറര്‍ അബ്ദുല്‍ സലീം, ഏരിയ ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സല്‍മാബാദ് ഏരിയ വൈസ് പ്രസിഡന്റ് സുബാഷ് കെ എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാര്‍, വിനു ക്രിസ്ടി, സന്തോഷ് കാവനാട്, സജീവ് ആയൂര്‍, നവാസ് കരുനാഗപ്പള്ളി,ജോസ് മങ്ങാട് എന്നിവര്‍ ചടങ്ങില്‍ സന്നിതരായിരുന്നു .ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം, അംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികളും, കുട്ടികളും, കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.