Image

'ഉണ്ണികൃഷ്ണൻ പോറ്റി എവിടെയെന്ന് അറിയില്ല, ബന്ധുക്കളെ അറിയിച്ചില്ല'; കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് അഭിഭാഷകൻ

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
'ഉണ്ണികൃഷ്ണൻ പോറ്റി എവിടെയെന്ന് അറിയില്ല, ബന്ധുക്കളെ അറിയിച്ചില്ല'; കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് അഭിഭാഷകൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാര്യത്തിൽ അഭിഭാഷകൻ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. നടപടിക്രമങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായാണ് പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് ആരോപിച്ചു. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന വിവരം ബന്ധുക്കളെയോ അഭിഭാഷകനെയോ അറിയിച്ചില്ല. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകണമെന്ന മുൻ അറിയിപ്പ് നിലനിൽക്കെ, നോട്ടീസ് പോലും നൽകാതെയാണ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തതെന്നും പോറ്റി നിയമവിരുദ്ധമായ കസ്റ്റഡിയിലാണെന്നും അഭിഭാഷകൻ പറഞ്ഞു.

അഭിഭാഷകൻ ആരോപണവുമായി വന്നതിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീട്ടിലേക്ക് ഫോൺ വിളിക്കാൻ എസ്ഐടി അനുമതി നൽകി. താൻ പോലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോറ്റി വീട്ടുകാരെ അറിയിച്ചു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് എസ്ഐടി പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിരവധി തവണ ദേവസ്വം വിജിലൻസ് നേരത്തെ ചോദ്യം ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന. ഇന്നലെ മുതൽ പോറ്റിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നിലവിൽ രഹസ്യകേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് ബംഗളൂരു സ്വദേശിയായ കൽപേഷിനാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കൽപേഷിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, കേസിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതടക്കമുള്ള വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരണം. ചോദ്യം ചെയ്യൽ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ വെച്ചായിരിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസിലെ ഫയലുകൾ എസ്ഐടി പരിശോധിച്ചു വരികയാണ്.

 

 

English summary:

"Don't Know Where Unnikrishnan Potti Is, Relatives Not Informed"; Lawyer Claims Custody Was ഇല്ലെഗിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക