കേരളത്തെ ലോകസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറ്റുക എന്ന മഹത്തായ ലക്ഷ്യത്തോടെ, കേരള ടൂറിസം വകുപ്പ് 'വിഷൻ 2031 - ലോകം കൊതിക്കും കേരളം' എന്ന പേരിൽ ഒരു ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുകയാണ് ഈ ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം. 2025 ഒക്ടോബർ 25-ന് ഇടുക്കി, കുട്ടിക്കാനം മരിയൻ കോളജിൽ വെച്ചാണ് ഈ പരിപാടി നടക്കുന്നത്.
ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കും. കേരളത്തിൻ്റെ ഭാവിയെ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ, ടൂറിസത്തിൻ്റെ പുതിയ സാധ്യതകൾ, നൂതനമായ സമീപനങ്ങൾ എന്നിവയെല്ലാം ഇവിടെ ചർച്ചാ വിഷയമാകും. കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത, ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം, സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സെഷനുകളും ശിൽപ്പശാലയുടെ ഭാഗമായുണ്ടാകും.
കേരളത്തെ ഉന്നത നിലവാരമുള്ള, സജീവമായ ഒരു ആഗോള ടൂറിസം ലക്ഷ്യസ്ഥാനമായി മാറ്റുന്നതിനൊപ്പം, സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖലയിലെ പ്രധാന ഘടകമായി ടൂറിസത്തെ വളർത്താനും ലക്ഷ്യമിടുന്ന നിർദ്ദേശങ്ങളാകും സെമിനാറിൽ പ്രധാനമായും ചർച്ച ചെയ്യുക.
English summary:
The future of Kerala tourism will be determined by 'Vision 2031'; a one-day workshop on October 25th.