Image

രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ അത്ഭുതകരമായ രക്ഷപ്പെടുത്തൽ; കാണാതായ വയോധികയെ വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തി

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ അത്ഭുതകരമായ രക്ഷപ്പെടുത്തൽ; കാണാതായ വയോധികയെ വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്ന പുനലൂർ പേപ്പർമിൽ പള്ളിത്താഴേതിൽ ലീലാമ്മയെ (78) വീടിനടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെടുത്തി. രണ്ടു ദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയി ട്രെയിനിൽ പുനലൂരിൽ തിരിച്ചെത്തിയ ലീലാമ്മയെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പുനലൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ലീലാമ്മ നടന്നുപോകുന്നതായി കണ്ടിരുന്നു. തിരച്ചിലിനിടെ ലീലാമ്മയുടെ വീടിന് സമീപത്ത് നിന്നും ആഭരണങ്ങളും ഒരു കുറിപ്പും ബന്ധുക്കൾക്ക് ലഭിച്ചത് കേസിൽ വഴിത്തിരിവായി.

തുടർന്ന് പോലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിനിടെയാണ് വീടിന് ഏകദേശം 200 മീറ്ററോളം താഴെയായി ഉപയോഗശൂന്യമായ കിണറ്റിൽ ഇവരെ കണ്ടെത്തിയത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ലീലാമ്മയെ സുരക്ഷിതമായി പുറത്തെടുത്തു. സീനിയർ ഫയർ ഓഫിസർ എസ്. ശ്യാംകുമാർ, ഡ്രൈവർ മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സതീഷ്, മിഥുൻ, അരുൺ ജി. നാഥ്, എം.ആർ. ശരത്, ആർ. ശരത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കിണറ്റിൽ നിന്ന് പുറത്തെടുത്ത ലീലാമ്മയെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലായതിനാൽ ലീലാമ്മയുടെ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മൊഴിയെടുത്താൽ മാത്രമേ, കിണറ്റിൽ വീണത് അബദ്ധത്തിലാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതിൽ വ്യക്തത വരൂ എന്ന് പുനലൂർ പോലീസ് അറിയിച്ചു.
 

 

 

English summary:

Miraculous rescue after two days of searching; missing elderly woman found in a well near her house.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക