ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ മാവോയിസ്റ്റ് ചമഞ്ഞ് സ്വന്തം പിതാവിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 24-കാരനായ മകൻ അറസ്റ്റിൽ. പ്രദേശത്തെ അറിയപ്പെടുന്ന കോൺട്രാക്ടറായ ദിനേശ് അഗർവാളിൻ്റെ മകൻ അങ്കുഷ് അഗർവാളാണ് ഒരാഴ്ച നീണ്ട സമഗ്രമായ അന്വേഷണത്തിനൊടുവിൽ പോലീസിൻ്റെ പിടിയിലായത്. സംഭവത്തിന്റെ തുടക്കം ഒക്ടോബർ 6-നാണ്. താനൊരു മാവോയിസ്റ്റാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ഭീഷണി കത്ത് അങ്കുഷ് പിതാവിൻ്റെ കാറിനുള്ളിൽ ഉപേക്ഷിച്ചു. 35 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം വകവരുത്തുമെന്നും കത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. സമ്മർദ്ദം വർദ്ധിപ്പിക്കാനായി അങ്കുഷ് പിതാവിൻ്റെ ബിസിനസ് പങ്കാളിക്ക് സമാനമായ മറ്റൊരു ഭീഷണി സന്ദേശവും അയച്ചു. ഉടൻതന്നെ ദിനേശ് അഗർവാൾ പോലീസിൽ പരാതി നൽകി.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പോലീസിന് ചില സംശയങ്ങൾ തോന്നിയിരുന്നു. ഭീഷണി കത്തിൽ മാവോയിസ്റ്റ് കേഡർമാരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയതും, കത്തിന്റെ ഉള്ളടക്കത്തിലെ ബലഹീനതയും ഹിന്ദിയിലുള്ള എഴുത്തും സംശയത്തിനിടയാക്കി. എന്നാൽ, കത്തിൽ കുടുംബാംഗങ്ങളെക്കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ കണ്ടതോടെ കുറ്റവാളി കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പോലീസ് ഉറപ്പിച്ചു.
പോലീസ് അന്വേഷണം മുന്നോട്ട് പോയതോടെ പ്രതി മറ്റാരുമല്ല, പരാതിക്കാരനായ ദിനേശ് അഗർവാളിൻ്റെ മകൻ അങ്കുഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പണം തട്ടിയെടുക്കുക എന്നതായിരുന്നു തൻ്റെ ലക്ഷ്യമെന്ന് അങ്കുഷ് കുറ്റം സമ്മതിച്ചു. തുടർന്ന് പോലീസ് അങ്കുഷ് അഗർവാളിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും ഇയാൾക്ക് പണത്തിൻ്റെ മറ്റ് ആവശ്യങ്ങൾ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
English summary:
Impersonated a Maoist to extort ₹35 lakh; 24-year-old son who threatened his father arrested in Odisha.