മുൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചതിൻ്റെ പേരിൽ നേരിട്ട സൈബർ ആക്രമണങ്ങളിൽ വിശദീകരണവുമായി ദിവ്യ എസ്. അയ്യർ ഐ.എ.എസ് രംഗത്ത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളെക്കുറിച്ച് നല്ലത് പറഞ്ഞതിൻ്റെ പേരിൽ ഇത്രയധികം അധിക്ഷേപം ഏൽക്കേണ്ടിവരുന്നത് സോക്രട്ടീസിൻ്റെ കാലഘട്ടത്തിന് ശേഷം ഇപ്പോഴാണെന്ന് സൂര്യ ഫെസ്റ്റിവലിൽ സംസാരിക്കവെ ദിവ്യ എസ്. അയ്യർ പറഞ്ഞു. "കൂടെ ജോലി ചെയ്യുന്നവരെക്കുറിച്ച് കുറ്റം പറയുന്നവരെയും അധിക്ഷേപിക്കുന്നവരെയും നമ്മുടെ സമൂഹം പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു വിരോധാഭാസമാണ്. ഒരു മനുഷ്യനെക്കുറിച്ചും ഒരു കുറ്റമോ കുറവോ പിഴവോ പുറത്തുപറഞ്ഞതായി എനിക്കോർമ്മയില്ല," അവർ കൂട്ടിച്ചേർത്തു.
എല്ലാവരും എല്ലാം തികഞ്ഞവരല്ലെന്ന് പറഞ്ഞ ദിവ്യ, "എന്നിലുൾപ്പെടെ കുറ്റങ്ങളുണ്ട്, കുറവുകളുണ്ട്. പക്ഷേ അവയൊന്നും സ്ഥായിയല്ല എന്ന അറിവും എനിക്കുണ്ട്. എന്നാൽ ഒരു വ്യക്തിയിൽ നന്മ കണ്ടാൽ അത് കൂടുതൽ പ്രകാശിപ്പിക്കണം എന്ന സാധാരണ മനുഷ്യന്റെ ധാർമിക ബോധ്യം എന്നിൽ ശക്തമായുണ്ട്. ആ ധാർമിക ബോധ്യത്തിൽ നന്മയിലധിഷ്ഠിതമായ അഭിപ്രായങ്ങൾ ഞാൻ വിനയത്തോടെ പ്രകാശിപ്പിക്കുക തന്നെ ചെയ്യും," എന്നും വ്യക്തമാക്കി.
കണ്ണൂർ സി.പി.എം. ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യർ അഭിനന്ദന പോസ്റ്റുമായി ഇൻസ്റ്റാഗ്രാമിൽ രംഗത്തെത്തിയത്. "കർണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെ.കെ.ആറിൻ്റെ കവചം," എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്. കഴിഞ്ഞ മൂന്ന് വർഷത്തെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്ന് വീക്ഷിച്ച തനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങളുണ്ടെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റിനെ തുടർന്നാണ് ദിവ്യ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടത്.
English summary:
'Having to face abuse for speaking of goodness is happening now, after the time of Socrates'; Divya S Iyer.