ഹിജാബ് വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് പി എം അനസ് പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയുണ്ടെന്നും മതസൗഹാര്‍ദം തകരുന്ന ഒന്നും സമൂഹത്തില്‍ ഉണ്ടാകരുതെന്നും അനസ് പറഞ്ഞു.
കുട്ടിയെ ഇനി സ്‌കൂളിലേക്ക് വിടില്ലെന്ന് പിതാവ് വ്യക്തമാക്കി. കുട്ടിയെ സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് മാറ്റുമെന്നും സ്‌കൂള്‍ അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി കഴിഞ്ഞദിവസവും സ്‌കൂളിലെത്തിയിരുന്നില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി കഴിഞ്ഞ ദിവസങ്ങളില്‍ അവധിയായിരുന്നു. നേരത്തെ സ്‌കൂള്‍ ചട്ടപ്രകാരം എത്താമെന്ന് എറണാകുളം എംപിയടക്കം ഉള്‍പ്പെട്ട സമവായത്തില്‍ തീരുമാനമായിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും കുടുംബം നിലപാട് മാറ്റി ടിസി വാങ്ങുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
സ്‌കൂള്‍ മാനേജ്മെന്റിനും അഭിഭാഷകയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിച്ചതിനു ശേഷം സ്‌കൂള്‍ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തു നിന്നുമുണ്ടായ അപക്വമായ പരമാര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുട്ടി ടിസി വാങ്ങുകയാണെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞിരിക്കുന്നത്.