Image

'നോസ്ത്ര എത്താത്തെ' സഭാചരിത്രത്തിലെ നിർണ്ണായക രേഖ: കർദ്ദിനാൾ കൂവക്കാട്

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 17 October, 2025
'നോസ്ത്ര എത്താത്തെ' സഭാചരിത്രത്തിലെ നിർണ്ണായക രേഖ: കർദ്ദിനാൾ കൂവക്കാട്

കത്തോലിക്കാസഭയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയാണ്, രണ്ടാം വത്തിക്കാൻ കൗൺസിൽ പുറത്തിറക്കിയ "നോസ്ത്ര എത്താത്തെ"യെന്ന് കർദ്ദിനാൾ ജോർജ് കൂവക്കാട്. കത്തോലിക്കാസഭയും അക്രൈസ്തവമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഈ രേഖ പുറത്തിറങ്ങിയതിന്റെ അറുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ (28 October 1965), പോർച്ചുഗീസ് മെത്രാൻസമിതിയുടെ നേതൃത്വത്തിൽ പോർച്ചുഗലിലെ ഫാത്തിമയിലുള്ള പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവെയാണ് സഭയുടെ ചരിത്രത്തിൽ ഈ രേഖയ്ക്കുള്ള സ്ഥാനത്തെക്കുറിച്ച് കർദ്ദിനാൾ കൂവക്കാട് ഓർമ്മിപ്പിച്ചത്.

വിശുദ്ധ സിപ്രിയാന്റേതെന്ന് കരുതപ്പെടുന്ന, "സഭയ്ക്ക് പുറത്ത് രക്ഷ സാധ്യമല്ല" എന്ന വാചകത്തെക്കുറിച്ച് പരാമർശിച്ച, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ, എന്നാൽ "ശിരസ്സായ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലൂടെയാണ് എല്ലാ രക്ഷയും വരുന്നതെന്നാണ്" സഭയുടെ മതബോധനഗ്രന്ഥം (CCC 846) ഇന്ന് നമ്മെ പഠിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

സഭയുടെ ചരിത്രത്തിലും ജീവിതത്തിലും പരിവർത്തനാത്മകമായ ഒരു സ്വാധീനശക്തിയായിരുന്നു നോസ്ത്ര എത്താത്തെ എന്ന് പ്രസ്താവിച്ച കർദ്ദിനാൾ കൂവക്കാട്, കത്തോലിക്കരും മറ്റ് മതപരമ്പര്യങ്ങളിലുള്ള വ്യക്തികളുമായുള്ള പരസ്പരബഹുമാനത്തിലധിഷ്ഠിതമായ ബന്ധത്തിന്റെ ഒരു യുഗത്തിനാണ് ഇത് തുടക്കമിട്ടതെന്ന് വിശദീകരിച്ചു. സാന്ദർഭികമായി ഉയർന്നുവന്ന ചിന്തകളുടെ അടിസ്ഥാനത്തിലല്ല, സഭയുടെ നൂറ്റാണ്ടുകൾ നീണ്ട സാമൂഹിക, മത ബന്ധങ്ങളുടെ വെളിച്ചത്തിൽ ഉരുത്തിരിഞ്ഞ ഒന്നാണ് ഈ രേഖയെന്നും, വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെയും, വിശുദ്ധ പോൾ ആറാമൻ പാപ്പായുടെയും പ്രയത്നങ്ങ, വിവിധ ചരിത്രരേഖകളും പരാമർശിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി മതാന്തരസംവാദങ്ങളിലുണ്ടായ പുരോഗതികളെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ച കർദ്ദിനാൾ കൂവക്കാട്, എന്നാൽ അടുത്തിടെയായി ആഗോളതലത്തിൽപ്പോലും ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ വർദ്ധിച്ചുവരികയാണെന്നും, അതുകൊണ്ടുതന്നെ നോസ്ത്ര എത്താത്തെക്ക് ഇന്നത്തെ സമൂഹത്തിൽ ഏറെ പധാന്യമുണ്ടെന്ന് പ്രസ്താവിച്ചു.

മതങ്ങൾ സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഉറവകളാണെന്ന് പ്രസ്താവിച്ച, മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷൻ, പരസ്പരം സ്നേഹവും സഹാനുഭൂതിയും ക്ഷമയും കാരുണ്യവും കാണിക്കാനാണ് അവ നമ്മോട് ആവശ്യപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ചു.

ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട്, മതങ്ങൾ, അവയുടെ ജ്ഞാനവും, സഹാനുഭൂതിയും, മാനവികതയുടെ നന്മയ്ക്ക് വേണ്ടിയുള്ള പ്രതിബദ്ധതയും കണക്കിലെടുത്ത്, വ്യത്യസ്തതകൾക്കും ഭിന്നചിന്തകൾക്കുമിടയിൽപ്പോലും പ്രത്യാശയുടെ വിത്ത് വിതയ്ക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും കർദ്ദിനാൾ കൂവക്കാട് ഓർമ്മിപ്പിച്ചു. നീതിയിലും സഹോദര്യത്തിലും നിരായുധീകരണത്തിലും സൃഷ്ടിയുടെ പരിപാലനത്തിലുമൂന്നി, സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള മതങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചതും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക