ഒമാന്‍: ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃക ഒമാനില്‍ നടപ്പിലാക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒമാന്‍ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിന്‍ത് അഹമ്മദ് അല്‍-നജ്ജാര്‍. ഗോപിനാഥ് മുതുകാടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മന്ത്രി താത്പര്യം അറിയിച്ചത്.
ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മുതുകാട് ഒമാനിലെത്തിയത്. മന്ത്രിയുമായി ഒരു മണിക്കൂറിലേറെ നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാസര്‍ഗോഡ് പദ്ധതിയെക്കുറിച്ചും മുതുകാട് വിശദീകരിച്ചു. പദ്ധതിയുടെ സവിശേഷത മനസ്സിലാക്കിയതോടെയാണ് ഒമാനിലും ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചതെന്ന് മുതുകാട് പറഞ്ഞു.
കാഞ്ഞങ്ങാട് മടിക്കൈയില്‍ 22 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്ന ഐ.ഐ.പി.ഡി, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് ആശ്രയമാകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സ്ഥാപനമായി ഇത് മാറും. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങള്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകും. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 1000 ഭിന്നശേഷിക്കാര്‍ക്ക് ഇവിടെ പരിശീലനം നല്‍കാന്‍ സാധിക്കും