തീവ്രത കൂടിയ മസ്തിഷ്കജ്വരമായ അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) തിരുവനന്തപുരം ജില്ലയിൽ വീണ്ടും സ്ഥിരീകരിച്ചു. പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ 79-കാരിയ്ക്കാണ് രോഗം ബാധിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ പിന്നീട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുഖത്തെ നീരും പനിയും കുറയാതിരിക്കുകയും സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസിന് വിധേയയാക്കിയ ഇവർ നിലവിൽ ചികിത്സയിലാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്താനായി ഇവരുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുക്കും.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട അമീബകൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണയായി രോഗബാധയുണ്ടാകുന്നത്. മൂക്കിലൂടെയോ കർണപടലത്തിലെ സുഷിരങ്ങളിലൂടെയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധയുണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും.
രോഗം പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ അത്യാവശ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പൂർണ്ണമായും ഒഴിവാക്കണം. നീന്തുന്നവർ മൂക്കിൽ വെള്ളം കയറാതെ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. അതുപോലെ, വീടുകളിലെ കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നത് അമീബയെ നശിപ്പിക്കുന്നതിനും ഹെപ്പറ്റൈറ്റിസ് എ പോലുള്ള രോഗങ്ങളെ തടയുന്നതിനും സഹായിക്കും. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
English summary:
One more person in Thiruvananthapuram has been diagnosed with amoebic meningoencephalitis."