
സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിനിടെ ഒഡീഷ സ്വദേശിയായ ഒരു ഇന്ത്യക്കാരനെ വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്.) തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുർ ജില്ലയിൽ നിന്നുള്ള 36-കാരനായ ആദർശ് ബെഹ്റയാണ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരൻ. 2022 മുതൽ സുഡാനിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഇതിനിടെ, ബെഹ്റ ആർ.എസ്.എഫ്. സൈനികരോടൊപ്പം ഇരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ സൈനികരിലൊരാൾ ബെഹ്റയോട്, "നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയുമോ?" എന്ന് ചോദിക്കുന്നതായി റിപ്പോർട്ടുണ്ട്. സുഡാനിലെ ഖാർത്തൂമിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള അൽ-ഫാഷിറിൽ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്നും സൗത്ത് ദാർഫൂരിലെ ആർ.എസ്.എഫിൻ്റെ ശക്തികേന്ദ്രമായ ന്യാളയിലേക്ക് കൊണ്ടുപോയിരിക്കാമെന്നും സുഡാൻ എംബസി വൃത്തങ്ങൾ അറിയിച്ചു.
ആദർശ് ബെഹ്റയുടെ മോചനത്തിനായി ശ്രമങ്ങൾ നടന്നുവരികയാണ്. സുഡാനിലെ അധികാരികളുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും രാജ്യം അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അബ്ദല്ല അലി എൽതോം അറിയിച്ചു.
English summary:
Indian man abducted by rebel forces in Sudan; asked if he knows Shah Rukh Khan