
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനായ വിശ്വാസ് കുമാർ രമേഷ് ഇപ്പോഴും അപകടത്തിൻ്റെ മാനസികാഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും താൻ ഇപ്പോഴും ട്രോമയിലാണെന്നും സംഭവിച്ചത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. "ഞാൻ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. അത്ഭുതമാണിത്. എനിക്ക് എൻ്റെ സഹോദരനെ നഷ്ടപ്പെട്ടു, അദ്ദേഹം എൻ്റെ നട്ടെല്ലായിരുന്നു," വിശ്വാസ് കുമാർ ദുഃഖത്തോടെ പറഞ്ഞു. ആശുപത്രിയിൽ കിടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദർശിച്ചിരുന്നതായും അദ്ദേഹം ഓർത്തെടുത്തു.
ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും വിശ്വാസ് കുമാറിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) ബാധിച്ചു. ഭാര്യയോടും നാല് വയസ്സുള്ള മകനോടും സംസാരിക്കാനാവാതെ ഒറ്റയ്ക്ക് ഇരിക്കുകയാണ് അദ്ദേഹം. സഹോദരൻ്റെ മരണശേഷം കഴിഞ്ഞ നാല് മാസമായി അമ്മയും വലിയ ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നത്. ശരീരത്തിൽ ഇപ്പോഴും വേദനയുണ്ടെന്നും കാലിലും തോളിലും കാൽമുട്ടിലും പുറംഭാഗത്തും പരിക്കുകളുണ്ടെന്നും രമേഷ് പറയുന്നു. സീറ്റ് 11A-ൽ നിന്ന് രക്ഷപ്പെടാൻ ഫ്യൂസ്ലേജ് വിൻഡോ സഹായിച്ചു. ജോലി ചെയ്യാനോ വാഹനമോടിക്കാനോ ശരിയായി നടക്കാനോ അദ്ദേഹത്തിന് ഇപ്പോഴും കഴിയുന്നില്ല. എയർ ഇന്ത്യ നൽകിയ ഇടക്കാല നഷ്ടപരിഹാരം പര്യാപ്തമല്ലെന്നാണ് കുടുംബം പറയുന്നത്.
242 പേരുമായി പോയ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈനർ വിമാനം 2024 ജൂൺ 12-നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് പിന്നാലെ തകർന്ന് വീണത്. ഈ ദുരന്തത്തിൽ വിമാനയാത്രക്കാർ ഉൾപ്പെടെ ആകെ 275 പേർ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് വിശ്വാസ് കുമാർ രമേഷ്.
English summary:
Viswas Kumar, the sole survivor of the Ahmedabad plane crash, says he is still traumatized and suffering from pain