
വർക്കലയിൽ മദ്യലഹരിയിൽ ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട 19-കാരിയായ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ ഗുരുതരമായി തുടരുന്നു. വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ (സർജിക്കൽ ഐസിയു) വെന്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. തലച്ചോറിന് ചതവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. ചികിത്സയിൽ തൃപ്തരല്ലെന്ന ശ്രീക്കുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് ചികിത്സ നൽകുന്നതെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് പനച്ചിമൂട് സ്വദേശിയായ സുരേഷ് കുമാർ എന്നയാൾ 19-കാരിയെ പിന്നിൽനിന്ന് തള്ളിയിട്ടത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ വാതിൽക്കൽ നിന്ന് മാറാത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സുരേഷ് കുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
English summary:
Health condition of 19-year-old Sreekutty, who was pushed from a train in Varkala, remains critical; continuing treatment on ventilator