Image

"തന്തയില്ലാത്തവൻ" ജാതി അധിക്ഷേപമല്ല ; 55 വയസ്സുകാരന് മുൻ‌കൂർ ജാമ്യം നൽകി സുപ്രീംകോടതി ; കേരള പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം

Published on 04 November, 2025
"തന്തയില്ലാത്തവൻ" ജാതി അധിക്ഷേപമല്ല ; 55 വയസ്സുകാരന് മുൻ‌കൂർ ജാമ്യം നൽകി സുപ്രീംകോടതി ; കേരള പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: ജാതി അധിക്ഷേപത്തിനും പീഡനത്തിനും കേരള പൊലീസ് എടുത്ത കേസില്‍ 55 വയസ്സുകാരന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിക്കാരനെ 'തന്തയില്ലാത്തവന്‍' എന്ന് വിളിച്ചത് എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ജാതി അധിക്ഷേപമാണെന്ന പൊലീസിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

ഹര്‍ജിക്കാരനെതിരെ എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമം ചുമത്തിയ കേരള പൊലീസിന്റെ നടപടിയെ സുപ്രീം കോടതി ബെഞ്ച് ചോദ്യം ചെയ്തു. 'തന്തയില്ലാത്തവന്‍' എന്ന വാക്ക് ഉപയോഗിക്കുന്നത് ജാതി അധിക്ഷേപത്തിന് തുല്യമല്ലെന്ന് നിരീക്ഷിച്ച കോടതി, കേരള പൊലീസിന്റെ നടപടി അതിശയിപ്പിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പരാതിക്കാരനെ ഏപ്രില്‍ 16 ന് വെട്ടുകത്തി കാണിച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് സിഷന്‍ എന്ന സിദ്ധാര്‍ത്ഥനെതിരെ കേരള പൊലീസ് കേസെടുത്തത്. പരാതിക്കാരനെ 'ബാസ്റ്റാര്‍ഡ്' എന്നു വിളിച്ചതായും ശാരീരികമായി പരിക്കേല്‍പ്പിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.

പൊലീസ് എഫ്‌ഐആറിനെതിരെ ഹര്‍ജിക്കാരന്‍ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോഗിക്കുന്നതില്‍ പൊലീസ് കാണിച്ച അമിതമായ ഉത്സാഹമാണ്, ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതിയെ സ്വാധീനിച്ചതെന്ന് കരുതുന്നതായി സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക