Image

മൂന്നാറിൽ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം ; അധിക്ഷേപിച്ചവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

Published on 04 November, 2025
മൂന്നാറിൽ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം ; അധിക്ഷേപിച്ചവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവര്‍മാര്‍ അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ തനി ഗുണ്ടായിസമാണ് നടക്കുന്നതെന്നും അധിക്ഷേപിച്ചവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാറില്‍ ഓടുന്ന പലവണ്ടികള്‍ക്കും പെര്‍മിറ്റില്ല. പലര്‍ക്കും ലൈസന്‍സ് ഇല്ല. നാളെ മുതല്‍ അവിടെ വീണ്ടും പരിശോധന ആരംഭിക്കും. ഇതിനായി ആര്‍ടിഒയെയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓയെയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പൊലീസ് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ലൈസന്‍സ് ഡ്രൈവ് ചെയ്യാനാണ്, ഗുണ്ടായിസത്തിനും സ്ത്രീകളെ ഉപദ്രവിക്കാനും അല്ലെന്നും മന്ത്രി പറഞ്ഞു.

ഊബര്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല, കേരളത്തിലും നിരോധിച്ചിട്ടില്ല. ഊബര്‍ വണ്ടി ഓടിക്കുന്നവരും ടാക്‌സി ഓടിക്കുന്നവരും തൊഴിലാളികളാണ്. ഊബറില്‍ വരുന്നവരെ തടയുന്നതൊന്നും പുരോഗമനസംസ്‌കാരമുള്ള നാട്ടില്‍ നടക്കുന്നില്ല. കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ഇതേ ഗുണ്ടായിസമായിരുന്നു മൂന്നാറില്‍ ഉണ്ടായിരുന്നത്. അന്ന് ശരിയായ രീതിയില്‍ നിയമം നടപ്പാക്കിയെന്നും വരുംദിവസങ്ങളിലും നിയമം ശരിയായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 

പണിമുടക്കിയ റൂട്ടിൽ കെഎസ്ആര്‍ടിസി സർവീസ് നടത്തും

കൊച്ചിയില്‍ നടക്കുന്ന സ്വകാര്യബസ്സുകളുടെ മിന്നല്‍ പണിമുടക്കിനെതിരെയും മന്ത്രി രംഗത്തെത്തി. പണിമുടക്ക് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. 'ഇന്ന് എറണാകുളത്ത് സ്വകാര്യ ബസ്സുകള്‍ മിന്നല്‍പ്പണിമുടക്ക് നടക്കുന്നുണ്ട്. വേറെ കുഴപ്പമൊന്നുമില്ല. പണിമുടക്കിയ വണ്ടിക്ക് പകരം ആ റൂട്ട് എല്ലാം കെഎസ്ആര്‍ടിസി ഇങ്ങ് എടുത്തു. നാളെ മുതല്‍ ഓടാന്‍ പോകുകയാണ്. നാളെ മുതല്‍ ഇനി പ്രൈവറ്റ് ബസ് ഓടില്ല. ആ റൂട്ടില്‍ കെഎസ്ആര്‍ടിസി ഓടും. മത്സരഓട്ടവും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങിനെതിരെയും കര്‍ശനനടപടി നടപടികള്‍ നടപ്പാക്കാമ്പോള്‍ ഗുണ്ടായിസവും ചട്ടമ്പിത്തരവുമൊന്നും അനുവദിക്കാനാവില്ല'- മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക