Image

പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല ; തിരുവനന്തപുരത്ത് ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്നേഹം കൊണ്ടെന്ന് മന്ത്രി ശിവൻകുട്ടി

Published on 04 November, 2025
പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല ; തിരുവനന്തപുരത്ത് ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്നേഹം കൊണ്ടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. പിഎം ശ്രീ പദ്ധതി സംബന്ധിച്ച കാര്യം കാബിനറ്റ് സബ് കമ്മിറ്റിക്ക് മുന്‍പിലാണ്. സബ്കമ്മിറ്റി കൂടിയാലോചിച്ച ശേഷം പിഎംശ്രീയുടെ ഭാവി നിശ്ചയിക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് ആരെ ഇറക്കിയാലും തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ പിറകോട്ട് പോകുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടാണ് രണ്ടുതവണ എംഎല്‍എയായ ശബരിനാഥന്‍ മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. അത് സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഒരു ബിജെപിക്കാരനെയും സ്‌നേഹിക്കാതെയാണ് താന്‍ നേമത്ത് ജയിച്ചുവന്നത്. അത് വോട്ട് കണക്കുകള്‍ എടുത്താല്‍ മനസിലാകും. താന്‍ തോറ്റ അവസരത്തില്‍ വെറും പതിനായിരം വോട്ടാണ് യുഡിഎഫിന് കിട്ടിയത്. അപ്പോള്‍ കാര്യം വ്യക്തമല്ലേ?. വിഡി സതീശന്റെ ചില പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. വിഡി സതീശന്‍ തന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ബഹുമാനം നല്‍കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക