Image

ഇപി ജയരാജന്റെ ആത്മകഥയ്ക്ക് യഥാര്‍ഥത്തില്‍ ഇടേണ്ട പേര് 'കള്ളന്റെ ആത്മകഥ' എന്നാണെന്ന് ശോഭ സുരേന്ദ്രന്‍

Published on 04 November, 2025
ഇപി ജയരാജന്റെ ആത്മകഥയ്ക്ക് യഥാര്‍ഥത്തില്‍ ഇടേണ്ട പേര് 'കള്ളന്റെ ആത്മകഥ' എന്നാണെന്ന് ശോഭ സുരേന്ദ്രന്‍

തൃശൂര്‍: ഇപി ജയരാജന്റെ ആത്മകഥയ്ക്ക് യഥാര്‍ഥത്തില്‍ ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇനി ഇതിന്റെ പേരില്‍ ഒരുകേസ് കൂടി ഉണ്ടായാല്‍ തനിക്ക് പ്രശ്‌നമില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് താന്‍. അതിനെക്കാളും വലിയ ആളാണ് ഇപി ജയരാജന്‍ എന്ന് താന്‍ കരുതുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മകനെ ഫോണില്‍ വിളിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാനായി തോന്നിയെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. ഒരു ഫോണ്‍ വന്നാല്‍ അത് മകനെ സ്ഥാനാര്‍ഥിയാക്കാനാണ് എന്ന് ഇപിക്ക് തോന്നുന്നത് എങ്ങനെയാണെന്നും ശോഭ ചോദിച്ചു. എന്താണ് ഫോണിലൂടെ പറയുന്നതെന്ന് ഊഹിച്ച് കണ്ടെത്താനുള്ള യന്ത്രം വല്ലതുമുണ്ടോ?. കാര്യം ഉറപ്പായി. ആ സ്ത്രീയേ പരിചയമേ ഇല്ലെന്നാണ് ആദ്യം ഇപി പഞ്ഞത്. പുസ്തകം വായിച്ചപ്പോള്‍ താന്‍ ഉള്ളിന്റെയുള്ളില്‍ ചിരിക്കുകയായിരുന്നു. താന്‍ പറഞ്ഞ ഒരോകാര്യവും മറനീക്കി പുറത്തുവരുന്നതാണ് അതിലുള്ളത്. ബാക്കി കാര്യങ്ങളെല്ലാം ജയരാജനെ കൊണ്ട് പറയിപ്പിക്കാന്‍ താന്‍ ഈ പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ടാകുമെന്നും ശോഭ പറഞ്ഞു.

രാമനിലയത്തില്‍ താന്‍ മൂന്ന് തവണയാണ് പോയത്. ഒരു തവണ സുരേഷ് ഗോപിയെ കാണാനും രണ്ടാമത് അന്നത്തെ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാനെയും മൂന്നാമത് സഖാവ് ഇപി ജയരാജനെയും കാണാനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അന്ന് ഇരുപത്തിനാലുമണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നെങ്കല്‍ ബിജെപിയുടെ ഷാള്‍ ഇപി ജയരാജന്റെ കഴുത്തിലണിഞ്ഞേനേ എന്നും ശോഭപറഞ്ഞു.

തന്റെ മകനെ ബിജപി സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമം നടന്നെന്ന് ഇപി ജയരാജന്‍ 'ഇതാണെന്റെ ജീവിതം' ആത്മകഥയിലൂടെയാണ് വെളിപ്പെടുത്തിയത്. ശ്രമം നടത്തിയത് ബിജെപി നേതാവ് ശോഭ സുരേന്ദ്രാണ്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നു.'എറണാകുളത്ത് ഒരു വിവാഹച്ചടങ്ങില്‍വെച്ച് അവര്‍ മകനെ പരിചയപ്പെടുകയും ഫോണ്‍നമ്പര്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവന്‍ ഫോണ്‍ എടുത്തില്ല. ഇവര്‍ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവര്‍ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.'- ഇ.പി 'വീണ്ടും വിവാദം' എന്ന അധ്യായത്തിലാണ് ഇക്കാര്യം പറയുന്നത്.


 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക