
സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്‌ഫോമായ കേരള സവാരി അതിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ് (2.0) തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു. മെട്രോ, വാട്ടർ മെട്രോ, ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിച്ച് ഡിസംബറോടെ ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പായി കേരള സവാരി മാറും. വൈകാതെ തന്നെ പദ്ധതി മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
പോലീസ്, ഗതാഗതം, ഐ.റ്റി., പ്ലാനിംഗ് ബോർഡ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പുതിയ ടെക്‌നിക്കൽ ടീം ഐ.ടി.ഐ. പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ്. മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി സബ്‌സ്‌ക്രിപ്ഷൻ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നതിനായി 2025 മെയ് 6 ലെ സർക്കാർ ഉത്തരവ് പ്രകാരം നിശ്ചിത നിരക്കിലുള്ള പരിഷ്‌കരിച്ച സംവിധാനമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ 2022 ഓഗസ്റ്റ് 17-ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഒരു പൈലറ്റ് പ്രോജക്ടായിട്ടാണ് 'കേരള സവാരി'ക്ക് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിലെ ന്യൂനതകൾ പരിഹരിച്ച് 2025 ഏപ്രിൽ മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ട്രയൽ റൺ വിജയകരമായി നടത്തി.
English summary:
Kerala Savari 2.0 completely transformed; preparations for a grand launch in Kochi and Thiruvananthapuram