Image

ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം;ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി കുടുംബം; നീതി കിട്ടിയില്ലെന്ന് ആരോപണം

രഞ്ജിനി രാമചന്ദ്രൻ Published on 04 November, 2025
ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം;ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി കുടുംബം; നീതി കിട്ടിയില്ലെന്ന് ആരോപണം

പാലക്കാട് പല്ലശ്ശനയിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് കുടുംബം ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

സെപ്റ്റംബർ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ വെച്ച് കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട ശേഷം വീട്ടിലേക്ക് വിട്ടു. എന്നാൽ പിന്നീട് കുട്ടിയുടെ കൈയുടെ നിറം മാറുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി.

തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് കൈ മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് വലതുകൈ മുറിച്ചുമാറ്റുന്ന സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് ആരോപിച്ചാണ് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നത്.

English summary: 
Family files complaint against doctors in case of nine-year-old girl's hand amputation; alleges denial of justice

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക