
കോയമ്പത്തൂരിൽ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടുന്നതിനിടെ നടന്ന ചെറിയ ഏറ്റുമുട്ടലിനുശേഷം പോലീസ് ഇവരുടെ കാലിൽ വെടിവെച്ചു. ആക്രമണത്തിനിടെ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഇവർ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെ കോയമ്പത്തൂർ നഗരത്തിലാണ് സംഭവം നടന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുത്തൂരിൽ മൊബൈൽ ഷോപ്പ് ഉടമയായ 25 വയസ്സുകാരനും രാത്രി വിമാനത്താവള റൺവേയ്ക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുമ്പോഴാണ് സംഭവം.
മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കൾ ഇവരെ ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപ്പിച്ച് അബോധാവസ്ഥയിലാക്കി ഉപേക്ഷിച്ചു. അതിനുശേഷം കാറിനുള്ളിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്.
English summary:
College student kidnapped and raped: Police shoot three accused in encounter in Coimbatore