
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) അലുമിനി നെറ്റ്‌വർക്കിന്റെ പരമോന്നത ബഹുമതിയായ ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് വിതരണം ചെയ്തു. സർവകലാശാല സെമിനാർ കോംപ്ലെക്സിൽ നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു.
സ്വകാര്യ മേഖല, ഗവേഷണം, സാമൂഹിക ഇടപെടൽ എന്നിവയിൽ വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ച് സർവകലാശാലയ്ക്ക് അഭിമാനമായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ഈ അവാർഡ് നൽകുന്നത്. അക്കാദമിക് ആൻഡ് റിസർച്ച് എക്സലൻസ്, ലീഡർഷിപ്പ് ആൻഡ് ഇന്നോവേഷൻ ഇൻ ബിസിനസ്/ഇൻഡസ്ട്രി/എന്റർപ്രൈസ്, സോഷ്യൽ ഇന്റർവെൻഷൻസ് ക്രിയേറ്റിംഗ് പോസിറ്റീവ് ഇംപാക്ട് എന്നീ മൂന്ന് വിഭാഗങ്ങളിലായി ഈ ബഹുമതികൾ നൽകിയത്.
അക്കാഡമിക് ആൻഡ് റിസർച്ച് എക്സലൻസ് വിഭാഗത്തിൽ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ ഡയറക്ടർ ഡോ. തമ്പാൻ മേലോത്, ലീഡർഷിപ് ആൻഡ് ഇന്നോവേഷൻ ഇൻ ബിസിനസ്/ഇൻഡസ്ടറി/എന്റർപ്രൈസ് എന്ന വിഭാഗത്തിൽ HIC-ABF സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ചെറിയാൻ കുരിയൻ, സോഷ്യൽ ഇന്റർവെൻഷൻസ് ക്രിയേറ്റിംഗ് പോസിറ്റീവ് ഇംപാക്ട് വിഭാഗത്തിൽ ഇന്ത്യൻ ആർമി കോർപസ് ഓഫ് എൻജിനീയേഴ്സിലെ ലെഫ്. കേണൽ അനീഷ് മോഹൻ എന്നിവരാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ.
കുസാറ്റ് സിൻഡികേറ്റ് അംഗവും ഗണിതശാസ്ത്ര വകുപ്പ് പ്രൊഫസർ ഡോ. ശശി ഗോപാലൻ, സിൻഡിക്കേറ്റ് അംഗവും കുസാറ്റ് അലുമിനി നെറ്റ്‌വർക്ക് ജനറൽ സെക്രട്ടറി ഡോ. പി.കെ. ബേബി, സിൻഡിക്കേറ്റ് അംഗവും കുസാറ്റ് സിഐആർഎം ഡയറക്ടറുമായ ഡോ. സന്തോഷ്‌കുമാർ ജി, സിൻഡിക്കേറ്റ് അംഗവും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസറുമായ ഡോ. ഡി. മാവൂത്ത്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, IQAC ഡയറക്ടർ ഡോ. സാം തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു