Image

ശബരിമല സ്വർണ്ണക്കൊള്ള ; മുന്‍ ദേവസ്വം കമ്മീഷണർ എന്‍ വാസുവും പ്രതിപ്പട്ടികയില്‍ ; രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും

Published on 05 November, 2025
ശബരിമല സ്വർണ്ണക്കൊള്ള ; മുന്‍ ദേവസ്വം കമ്മീഷണർ എന്‍ വാസുവും പ്രതിപ്പട്ടികയില്‍ ; രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം:  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവും പ്രതിപ്പട്ടികയില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. 19.03.2019 ലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ള കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

തട്ടിപ്പില്‍ ഉന്നതരുടെ കൂടുതല്‍ ഇടപെടല്‍ അടക്കം റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിവരം. സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വര്‍ണം വില്‍പ്പന നടത്തിയതിലും അടക്കം ബോര്‍ഡിലുണ്ടായിരുന്ന ആര്‍ക്കൊക്കെ അറിവുണ്ടായിരുന്നു എന്നതില്‍ എസ്‌ഐടിക്ക് വ്യക്തത ലഭിച്ചതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്‍ വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു.

ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇ-മെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ തനിക്ക് ലഭിച്ചിരുന്നു എന്ന് വാസുവും സമ്മതിച്ചിരുന്നു. ശബരിമല സ്വര്‍ണ തട്ടിപ്പില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവര്‍ റിമാന്‍ഡിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക