പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവിൻ്റെ മകളെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ പ്രാദേശിക ആം ആദ്മി പാർട്ടി നേതാവ് ദാവീന്ദർ സൈനിയുടെ മകളും കാനഡയിലെ കോളേജ് വിദ്യാർത്ഥിനിയുമായ വംശിക സൈനി (21) യെയാണ് ഒട്ടാവയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് കാനഡയിലെ താമസ സ്ഥലത്ത് നിന്നും പുറത്തേക്ക് പോയ വംശികയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വംശിക പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചിൽ മൃതദേഹം കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപെടുന്നുണ്ടെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്നും എംബസി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വംശിക മറ്റൊരു വാടക വീട് അന്വേഷിച്ച് പുറത്തേക്ക് പോയതായിരുന്നു. എന്നാൽ രാത്രി 11.30 ഓടെ വംശികയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. പിന്നീട് വംശികയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പിറ്റേദിവസം കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബീച്ചിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
English summary:
Daughter of AAP leader found dead in Canada; student had been missing for three days, body recovered from the beach.