കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതാണ് കേസിൽ നിർണായക വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയൽവാസിയുമായ 14 വയസ്സുകാരൻ കുട്ടിയെ ദുരുപയോഗം ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു . സംഭവത്തിൽ 14 വയസ്സുകാരൻ നിലവിൽ ചൈൽഡ് ലൈൻ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഏപ്രിൽ 19-നാണ് ഓട്ടിസം ബാധിതയായ ആറ് വയസ്സുകാരി മരിച്ചത്. സ്വകാര്യ ഭാഗങ്ങളിൽ അണുബാധയും കടുത്ത ക്ഷീണവും കാരണം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി മരിച്ചതിന് പിന്നാലെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ മാതാവും പിതാവും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മാതാവ് കുട്ടിയെ ബന്ധുവീട്ടിൽ ഏൽപ്പിച്ചാണ് ജോലിക്ക് പോയിരുന്നത്. ഈ സമയത്താകാം 14 വയസ്സുകാരൻ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, ഈ 14 വയസ്സുകാരനെ സംരക്ഷിക്കാൻ കുട്ടിയുടെ മാതാവ് ശ്രമിക്കുന്നതായി പിതാവ് ആരോപിക്കുന്നുണ്ട്. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
English summary:
Six-Year-Old's Death in Kollam: Post-Mortem Confirms Sexual Abuse; 14-Year-Old Relative Under Observation