Image

'എന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു'; പരസ്യ ശകാരത്തില്‍ ഡോക്ടറോട് മാപ്പുപറഞ്ഞ് ആരോഗ്യമന്ത്രി

Published on 10 June, 2025
'എന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു'; പരസ്യ ശകാരത്തില്‍ ഡോക്ടറോട് മാപ്പുപറഞ്ഞ് ആരോഗ്യമന്ത്രി

പനാജി: ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ  മാപ്പ് ചോദിച്ചു. തന്റെ ഉദ്ദേശ്യത്തില്‍ തെറ്റുണ്ടായിരുന്നില്ലെന്നും പക്ഷെ വാക്കുകള്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ക്ഷോഭിച്ചതാണ്. ഡോക്ടര്‍മാരുടെ സമൂഹത്തെ താന്‍ മാനിക്കുന്നുവെന്നും ഡോക്ടര്‍ക്ക് വേദന ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗോവ മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തനിടെയാണ് ഡോ. രുദ്രേഷ് കുട്ടിക്കറിനെ മന്ത്രി പരസ്യമായി ശാസിച്ചത്. മന്ത്രിയെ പരസ്യമായി ശാസിക്കുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്യമായി രംഗത്തെത്തിയിയിരുന്നു.

തന്റെ പരസ്യപ്രതികരണം ഉചിതമായില്ലെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തെ പ്രത്യേകം വിളിച്ച് കാര്യങ്ങള്‍ തിരക്കാമായിരുന്നു. തന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ അദ്ദേഹത്തോടും ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷനോടും മാപ്പു ചോദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ പ്രയാസം മനസിലാക്കിയാണ് അങ്ങനെ പറഞ്ഞുപോയത്. തന്റെ അമ്മ ഒരു കാന്‍സര്‍ രോഗിയായിരുന്നു. അതിനാല്‍ ആ രോഗി അനുഭവിച്ച പ്രയാസം തനിക്ക് മസിലാകും. സംഭവം രാഷ്ട്രീയവത്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഉടനെ തന്നെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് മന്ത്രി ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട്കര്‍ പറഞ്ഞിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക