Image

സിപിഐ മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബ ; വിവാദത്തിൽ ആയതോടെ പോസ്റ്റർ പിൻവലിച്ച് ഭാരവാഹികൾ

Published on 10 June, 2025
സിപിഐ മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബ ; വിവാദത്തിൽ ആയതോടെ പോസ്റ്റർ പിൻവലിച്ച് ഭാരവാഹികൾ

കോട്ടയം: സിപിഐ (cpi ) കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതേത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ പിന്‍വലിച്ചു. ജൂണ്‍ 13, 14, 15 തിയതികളില്‍ കോട്ടയം പാക്കില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ ഇറക്കിയത്.

ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഈ പോസ്റ്റര്‍ മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അടക്കം ഷെയര്‍ ചെയ്തിരുന്നു. ഇതിനുശേഷമാണ് പിന്‍വലിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയത്.

പാര്‍ട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ഒപ്പം ദേശീയപതാക കൂട്ടിച്ചേര്‍ക്കുന്നത് ശരിയല്ലെന്നും, പോസ്റ്ററിനെപ്പറ്റി വിവരം ലഭിച്ചപ്പോള്‍ തന്നെ അത് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു.

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സര്‍ക്കാര്‍ ബഹിഷ്‌കരിച്ചതോടെയാണ് ഭാരതാംബ വിഷയം വിവാദമായത്. തുടര്‍ന്ന് കൃഷിമന്ത്രി പി പ്രസാദ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക